2011 മേയ് 19, വ്യാഴാഴ്‌ച

പുഞ്ചിരിമില്ല്‌ *






മൗനത്തില്‍ പൊതിഞ്ഞ
നിരാശാഭരിതമാം യാത്രാവേളയെ
ബെല്ലടിച്ചുനിര്‍ത്തുമ്പോള്‍
കീഴോട്ട്‌ ചരിഞ്ഞുനീളു/വീഴു ന്നോരെന്‍
നിഴലിനെ
പിടിച്ചുതന്നാന്‍
ബസ്റ്റോപ്പില്‍
സദാ
മിഴി പിളര്‍ന്നിരിപ്പിവള്‍.

ഞെട്ടുലഞ്ഞാത്മഹത്യ പൂകും
പച്ചിലയെ
കീഴെ ജലാശയമേറ്റുവാങ്ങുംപോല്‍
ഇളം ചിരിയുടെ
കുഞ്ഞിവളയത്തില്‍
ചിറ്റോളമുലച്ച്‌
കണ്ണിന്നാഴത്തിലേക്ക്‌
ഏറ്റിക്കൊണ്ടുപോകാറുണ്ടിവള്‍.

യാത്രാ മധ്യേ
എത്രവട്ടം
പുനര്‍ജനി നൂണിട്ടുണ്ടാകു-
മിവളുടെ പാല്‍പുഞ്ചിരിയിലൂടെ.

സംസാരദുഖത്തെ
എന്‍ വിശ്വവിഷാദമരണഗന്ധത്തെ
അപ്പാടെ കുത്തിയും പൊടിച്ചും
ഉന്മഷമാക്കാറുണ്ടെന്നുമീ
നറു പുഞ്ചിരി.


* ഹൈവെ വികസനത്തിന്റെ ഭാഗമായി മണ്ണിട്ടുമൂടിയ വടകരയിലെ ചിരപരിചിതമായ ബസ്‌്‌റ്റോപ്പ്‌

(കിവതാസംഗമം-2003 ജൂണ്‍-ജൂലൈ)

1 അഭിപ്രായം: