2011, മേയ് 19, വ്യാഴാഴ്‌ച

ഇതു കവിതയാണോ......: പുഞ്ചിരിമില്ല്‌ *

ഇതു കവിതയാണോ......: പുഞ്ചിരിമില്ല്‌ *: "മൗനത്തില്‍ പൊതിഞ്ഞ നിരാശാഭരിതമാം യാത്രാവേളയെ ബെല്ലടിച്ചുനിര്‍ത്തുമ്പോള്‍ കീഴോട്ട്‌ ചരിഞ്ഞുനീളു/വീഴു ന്നോരെന്‍ നിഴലിനെ പിടിച്ചുതന്നാന്‍..."

പുഞ്ചിരിമില്ല്‌ *






മൗനത്തില്‍ പൊതിഞ്ഞ
നിരാശാഭരിതമാം യാത്രാവേളയെ
ബെല്ലടിച്ചുനിര്‍ത്തുമ്പോള്‍
കീഴോട്ട്‌ ചരിഞ്ഞുനീളു/വീഴു ന്നോരെന്‍
നിഴലിനെ
പിടിച്ചുതന്നാന്‍
ബസ്റ്റോപ്പില്‍
സദാ
മിഴി പിളര്‍ന്നിരിപ്പിവള്‍.

ഞെട്ടുലഞ്ഞാത്മഹത്യ പൂകും
പച്ചിലയെ
കീഴെ ജലാശയമേറ്റുവാങ്ങുംപോല്‍
ഇളം ചിരിയുടെ
കുഞ്ഞിവളയത്തില്‍
ചിറ്റോളമുലച്ച്‌
കണ്ണിന്നാഴത്തിലേക്ക്‌
ഏറ്റിക്കൊണ്ടുപോകാറുണ്ടിവള്‍.

യാത്രാ മധ്യേ
എത്രവട്ടം
പുനര്‍ജനി നൂണിട്ടുണ്ടാകു-
മിവളുടെ പാല്‍പുഞ്ചിരിയിലൂടെ.

സംസാരദുഖത്തെ
എന്‍ വിശ്വവിഷാദമരണഗന്ധത്തെ
അപ്പാടെ കുത്തിയും പൊടിച്ചും
ഉന്മഷമാക്കാറുണ്ടെന്നുമീ
നറു പുഞ്ചിരി.


* ഹൈവെ വികസനത്തിന്റെ ഭാഗമായി മണ്ണിട്ടുമൂടിയ വടകരയിലെ ചിരപരിചിതമായ ബസ്‌്‌റ്റോപ്പ്‌

(കിവതാസംഗമം-2003 ജൂണ്‍-ജൂലൈ)

2011, മാർച്ച് 5, ശനിയാഴ്‌ച

ഇതു കവിതയാണോ......: ജീവിച്ചിരിക്കെ മരണത്തിലേക്കെടുത്തുവച്ച ഒരു തുള്ളി...

ഇതു കവിതയാണോ......: ജീവിച്ചിരിക്കെ മരണത്തിലേക്കെടുത്തുവച്ച ഒരു തുള്ളി...: "മരണം പല തരത്തിലാണ്‌ നമ്മെ സ്‌പര്‍ശിക്കുന്നത്‌. ആത്മമിത്രങ്ങളുടെ, ഉറ്റബന്ധുക്കളുടെ മരണങ്ങള്‍ തീകൊള്ളിപോലെ നെഞ്ചിലേക്ക വന്നുവീഴും. ഏറെകാലം അ..."

ജീവിച്ചിരിക്കെ മരണത്തിലേക്കെടുത്തുവച്ച ഒരു തുള്ളിചോര......



മരണം പല തരത്തിലാണ്‌ നമ്മെ സ്‌പര്‍ശിക്കുന്നത്‌. ആത്മമിത്രങ്ങളുടെ, ഉറ്റബന്ധുക്കളുടെ മരണങ്ങള്‍ തീകൊള്ളിപോലെ നെഞ്ചിലേക്ക വന്നുവീഴും. ഏറെകാലം അത്‌ പച്ചവിറകുപോലെ പുകഞ്ഞുനീറി കത്തികൊണ്ടേയിരിക്കും. നമുക്ക്‌ മുഖപരിചയംപോലുമില്ലാത്ത, ഇതുവരെ ഒരടുപ്പം പോലുമില്ലാത്ത ആളുകള്‍ മരിച്ചാല്‍ അത്തരമൊനുഭവം ഉണ്ടാകുകയേ ഇല്ല. എന്നാല്‍ ഞാനിതുവരെ കാണാത്ത, അടുപ്പമില്ലാത്ത ഒരു മൂന്ന്‌ വയസുകാരി മരിച്ചപ്പോള്‍ അത്‌ എന്റെ ശരീരത്തിന്റെ മരണമായി എനിക്ക്‌ അനുഭവപ്പെടുകയുണ്ടായി. അത്തരമൊരു തീവ്രാനുഭവം ഒരു കവിതയ്‌ക്കുള്ള വിഷയമാകുകയും ചെയ്‌തു.
കൊച്ചിയില്‍ പഠിക്കുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനത്തോടുചേര്‍ന്നുള്ള ഹോസ്‌റ്റലില്‍ ചില ദിവസങ്ങളില്‍മാത്രം ഞാന്‍ തങ്ങിയിരുന്നു(നിയമവിരുദ്ധമെന്ന്‌ വേണമെങ്കില്‍ പറയാം) ഒരു നാള്‍ അതിരാവിലെ ഹോസ്‌റ്റലിന്റെ ചുമതലയുള്ള വാര്‍ഡന്‍ അവിടേക്ക്‌ വന്നു വാതിലിനു മുട്ടി. ഇത്ര കാലത്ത്‌ ആരാണ്‌ വാതിലിനു മുട്ടുന്നതെന്നോര്‍ത്ത്‌ ഉറക്കച്ചടവോടെ ഞാനാണ്‌ വാതില്‍ തുറന്നത്‌. സ്ഥാപനത്തിന്റെ രേഖയില്‍ പേരുള്ള മുറിയുടെ യഥാര്‍ത്ഥ ഉടമയും എന്റെ സഹപാഠിയുമായ അജയന്‍ നല്ല ഉറക്കത്തിലായിരുന്നു. വാതില്‍ തുറന്നതും വാര്‍ഡനെ കണ്ടതും ഞാന്‍ അന്ധാളിച്ചുപോയി. കള്ളനെ കൈയോടെ പിടിക്കപ്പെടുമ്പോള്‍ കള്ളന്‍മാര്‍ക്കുണ്ടാകാറുള്ള മുഖഭാവം എന്നില്‍ നിറഞ്ഞുവരാന്‍ തുടങ്ങി. നീയെന്താ ഈ മുറിയില്‍ ഓഫീസിലേക്ക്‌ നടക്ക്‌ ക്ലാസ്‌ തുടങ്ങിയതുമുതലുള്ള ഫീസ്‌ കെട്ടണം....എന്നൊക്കെ അദ്ദേഹം പറയുമെന്നും അപ്പോള്‍ കാലില്‍ വീണ്‌ സങ്കടഹരജി സമര്‍പ്പിക്കാമെന്നൊക്കെ ആലോചിക്കവെ ഒരു സഹായം വേണമല്ലോ ജയാ എന്ന്‌ പറഞ്ഞ്‌ വാര്‍ഡന്‍ സൗഹൃദഭാഷ്യത്തില്‍ കാര്യം പറയാന്‍ തുടങ്ങി. അതോടെ ഞാന്‍ ചാടിവീണ്‌ എന്തുസഹായമാ പറയൂ എന്നായി.
രണ്ടു മൂന്നുപേരുടെ രക്തം വേണം എന്റെ ബന്ധുവിന്റെ കുട്ടിക്കാ, മൂന്ന്‌്‌ മണിക്കൂറിനകം അവിടെ എത്തിക്കണം ഇത്ര പെട്ടെന്ന്‌ ബ്ലഡ്‌ സംഘടിപ്പിക്കാന്‍ വേറെ മാര്‍ഗമില്ലാത്തതിനാലാണ്‌ ഇവിടെ വന്നത്‌ നിങ്ങള്‍ ആരെങ്കിലും.......
ഏറേ ബേജാറോടെയാണ്‌ അദ്ദേഹത്തിന്റെ സംസാരം. അതോടെ വാര്‍ഡനെ കൈയിലെടുക്കാന്‍ ഇതൊരു അവസരമാണെന്ന്‌ കണ്ട്‌ ഞാന്‍ ചാടിവീണു പറഞ്ഞു. ഏതാ ബ്ലഡ്‌ ഇത്തരം അവസരത്തിലല്ലെ ഞങ്ങളെപോലുള്ള കുട്ടികള്‍ക്ക്‌ സഹായിക്കാന്‍ പറ്റൂ എന്ന പ്രതിബദ്ധതാവാക്യമൊക്കെ തട്ടിവിടുകയും ചെയ്‌തു.
മൂന്നു പേരുടെ ഒ പോസിറ്റീവ്‌ ബ്ലഡാണ്‌ വേണ്ടത്‌.
അജയനെ വിളിച്ചു, പിന്നെ തൊട്ടപ്പുറത്ത്‌ കിടന്നുറങ്ങുകയായിരുന്ന അരുണിനെയും. രണ്ടുപേരും സമ്മതം മൂളിയെങ്കിലും ആദ്യം രക്തം കൊടുക്കുന്നതിലുള്ള ചെറിയ ആശങ്കയും വേവലാതിയും ചെറുതായി ഞങ്ങളിലുണ്ടായിരുന്നു. എന്നിലെ ആശങ്ക ഞാന്‍ പുറത്തു കാണിച്ചില്ല. രക്തം സൗജന്യമായി നല്‍കുക വഴി വാര്‍ഡനെ സ്വന്തം വരുതിയിലാക്കി കോഴ്‌സ്‌ കഴിയുന്നതുവരെ ഹോസ്‌റ്റലില്‍ തന്നെ തങ്ങാനുള്ള അവസരമായി ഇതിനെ മാറ്റാമല്ലോ എന്ന ചിന്തയാണെന്നില്‍ മുളച്ചത്‌. വാര്‍ഡന്‍ വിളിച്ചുകൊണ്ടുവന്ന കാറില്‍ നഗരത്തിലെ വന്‍കിട ആശുപത്രിയിലേക്ക്‌ ഉടന്‍തന്നെ കുതിച്ചു. ബന്ധുവിന്റെ മൂന്ന്‌ വയസ്സുള്ള മകള്‍ക്ക്‌ ഉടന്‍ ഓപ്പറേഷന്‍ വേണമെന്നും അതിനായാണ്‌ ബ്ലഡെന്നും അവിടെ എത്തിയപ്പോള്‍ മനസിലായി. അപ്പോഴും കുട്ടിയുടെ അസുഖത്തെക്കുറിച്ചോ അത്തരമൊരവസ്ഥയില്‍ ആ കുടുംബം അനുഭവിക്കുന്ന വേദനയെയും സംഘര്‍ഷത്തെയുകുറിച്ചോ ഞാന്‍ ആലോചിച്ചതേയില്ല, ചോദിച്ചതുമില്ല. ഈയൊരു രക്തദാനം വന്നുചേര്‍ന്നതിലൂടെ ചെലവു കൂടാതെയും പേടി കൂടാതെയും ഈ നഗരത്തില്‍ കോഴ്‌സ്‌ കഴിയുന്നതുവരെ സൗജന്യമായി താമസിക്കാനുള്ള അവസരം കിട്ടിയല്ലോ എന്നായിരുന്നു അപ്പോഴും മനസ്സില്‍. മനസ്സില്‍ ഇത്തരം ചിന്തയായതിനാലാകാം ആദ്യരക്തദാനത്തിന്റെ ഭാഗമായുള്ള തലകറക്കം മറ്റു രണ്ടുപേര്‍ക്കുമുണ്ടായപ്പോള്‍ എനിക്ക്‌ അതൊന്നുമേശിയതുമില്ല. ബ്ലാഡറിലേക്ക്‌ രക്തം വലിച്ചെടുക്കുന്ന പ്രക്രിയയും വിശ്രമവും കഴിഞ്ഞ്‌ സൗജന്യമായി കിട്ടിയ ജ്യൂസും ബിസ്‌ക്കറ്റും കഴിച്ച്‌ പുറത്തിറങ്ങുമ്പോള്‍ അതാ നില്‍ക്കുന്നു കാറുമായി വാര്‍ഡന്‍. ഞങ്ങളെ കൂട്ടിപ്പിടിച്ച്‌ ഏറെ നന്ദിപ്രകടനമൊക്കെ നടത്തുമ്പോള്‍ പൊതുവെ വില്ലനായി അറിയപ്പെട്ടിരുന്ന ഹോസ്‌റ്റല്‍ വാര്‍ഡന്‍ വല്ലാതെ ചെറുതാകുന്നതായി തോന്നി. അതൊന്നും പ്രശ്‌നമില്ലെന്ന്‌ പറഞ്ഞ്‌ ഞങ്ങള്‍ വലിയ മനുഷ്യസേവനം ചെയ്‌തിരിക്കുകയാണെന്ന ഗമയില്‍ ഹോസ്‌റ്റലിലേക്ക മടങ്ങുകയും ചെയ്‌തു. രക്ഷപ്പെട്ടു, ഇനി ബന്ധുവിന്റെ മകള്‍ക്ക്‌ രക്തം കൊടുത്ത ഒരു പഹയനെ ഹോസ്‌റ്റലില്‍ നിന്ന്‌ പറഞ്ഞുവിടാന്‍ എന്തായാലും അദ്ദേഹം കൂട്ടുനില്‍ക്കില്ലല്ലോ.
ദിവസങ്ങള്‍ക്കുശേഷം റൂമിലിരിക്കുമ്പോള്‍ അജയനാണ്‌ അത്‌ പറഞ്ഞത്‌. നമ്മുടെ വാര്‍ഡന്റെ ബന്ധുവിന്റെ മകള്‍ ഓപ്പറേഷന്റെ പിറ്റേന്നുതന്നെ മരിച്ചു. എവിടെയോ എന്റെ ബോധമനസിന്റെ ഭിത്തിയില്‍ ഒരു പക്ഷി കിക്കിരിക്കീ എന്ന്‌ ചിലച്ചുകൊണ്ട്‌ വന്നിട്ടിച്ച്‌ താഴെ വീണ്‌ പിടഞ്ഞു....പിന്നീട്‌ ഉറക്കം വരുമ്പോഴെല്ലാം ആ കൊച്ചുപക്ഷിയുടെ അവസാനമിടിപ്പ്‌ എന്നെ ദിവസങ്ങളോളം അസ്വാസ്‌ത്യപ്പെടുത്തികൊണ്ടേയിരുന്നു. അങ്ങിനെയാണ്‌ മനസിലേക്ക്‌ ആ കവിതാശകലം വന്നു പൊടിഞ്ഞു. ജീവിച്ചിരിക്കെ മരണത്തിലേക്കൊലിച്ചൊരു ചോരയുടെ ചാവടിയന്തിരം.....ആദ്യരക്തദാനത്തിലൂടെ എന്റെ ചോര ആ കുരുന്നിന്റെ ശരീരത്തില്‍ കേറിയിട്ടും കുട്ടിക്ക്‌ അതിജീവനം കൊടുക്കാന്‍ എന്റെ ചോരയ്‌ക്കായില്ലല്ലോ എന്ന ചിന്ത വിടാതെ പിന്‍തുടര്‍ന്നു. ഇപ്പോഴും ജീവിച്ചിരിക്കുന്ന എന്റെ ശരീരത്തിന്റെ നിര്‍ണ്ണായകഘടകമായ ആ ചോര ആ കുട്ടിയുടെ ശരീരം നിശ്ചലമാകുമ്പോള്‍ മരിച്ചിട്ടുണ്ടാകില്ലേ. എന്റെ ചോരയും വഹിച്ചുകൊണ്ടാകില്ലേ ആ കുട്ടിയെ ഉറ്റവര്‍ കുഴിവെട്ടി മണ്ണിലേക്ക്‌ കിടത്തിയിരിക്കുക. ഇത്തരം അനവധി ചിന്താശകലങ്ങള്‍ എഴുതിചേര്‍ക്കുകയായിരുന്നു.





ഒ പോസിറ്റീവ്‌

മഷിതണ്ടുപോല്‍ മൃദുലമാമിളം
ഞരമ്പിലേക്കെന്‍
ചോര കനിഞ്ഞിറങ്ങിയിട്ടും
ജീവനറ്റുപോയ കുരുന്നേ
ആദ്യ രക്തദാനവുമങ്ങിനെ
നിഷ്‌ഫലമനാഥം, വ്യര്‍ഥം...

പട്ടുകുഞ്ഞിപ്പാവാടയണിയിച്ച്‌
താപമേലാത്ത നിന്‍ജഡം
പച്ച മണ്ണിലേക്കിറക്കിവെക്കവെ,
ജീവന്റെ വര്‍ണ്ണശലഭകണികകള്‍
പറക്കമുറ്റാതുലഞ്ഞുവീഴവെ,
നിന്നോടൊപ്പമെന്‍ ചോരയും
ഖനീഭൂതമായന്ത്യവിശ്രാന്തിയിലെത്തവെ,
എന്‍ ഹൃദയഭിത്തിയിലനുരണന
മരണമണിനാദമറിഞ്ഞിരുന്നുവോ?

നിന്‍ മൃദുനയനങ്ങളിപ്പോള്‍
പച്ച മണ്ണിനോടും ബാക്ടീരിയയോടും
കൊഞ്ചിക്കുഴയുമ്പോഴുമെന്‍
വിദൂരഹൃത്തദേറ്റുപിടിക്കട്ടെ
രക്തബന്ധത്തിനമേയഭാഷയില്‍

ജീവിച്ചിരിക്കെ മരണത്തിലേക്കെടുത്തുവെച്ചൊരു
ചോരയുടെ ചാവടിയന്തിരമുണ്ടെന്‍
മനസ്സിലിപ്പോഴും